പാലക്കാട്: കേടായ ഫോൺ ഉപഭോക്താവിന് നന്നാക്കി നൽകാനോ നഷ്ടപരിഹാരം നൽകാനോ നിർമാണക്കമ്പനി നടപടി സ്വീകരിക്കണമെന്ന് ജില്ലാ ഉപഭോക്ത്യ തർക്കപരിഹാര കമ്മിഷൻ നിർദേശം നൽകി. അലനല്ലൂർ എടത്തനാട്ടുകര സ്വദേശിയും അധ്യാപകനുമായ സഞ്ജയ് കൃഷ്ണൻ നൽകിയ പരാതിയിലാണ് വിധി. ഫോൺ വാങ്ങി മാസങ്ങൾക്കുള്ളിൽ തകരാറിലായെന്നായിരുന്നു പരാതി. ഫോൺ കമ്പനിയുടെ അംഗീകൃത സർവിസ് സെന്ററിൽ കൊടുത്തെങ്കിലും ശരിയാക്കി നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. കേടുവന്ന ഫോൺ നന്നാക്കി നൽകാനായില്ലെങ്കിൽ ഫോണിന്റെ വില, 10 ശതമാനം പലിശ, കോടതിച്ചെലവ് എന്നിവയടക്കം 75,000 രൂപ നൽകാനും കമ്മിഷൻ പ്രസിഡൻ്റ് വിനയ് വി. മേനോൻ, അംഗം എ. വിദ്യ എന്നിവർ നിർദേശിച്ചു. പരാതിക്കാരനുവേണ്ടി അഡ്വ. മനുമോഹൻ ഹാജരായി.

