മലപ്പുറം കൂരിയാട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കാരാട്ട് കൂറീസ് ഉടമകൾ കോടികളുമായി മുങ്ങിയെന്ന പരാതികളുമായി ഇടപാടുകാർ വിവിധ ജില്ലകളിൽ രംഗത്ത് എത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവിധ ജില്ലകളിലെ 14 ശാഖകളിൽ നിന്നുളള തുകയുമായാണ് ഉടമകൾ മുങ്ങിയത്. തൃത്താല, പട്ടാമ്പി മേഖലകളിലും നൂറുകണക്കിനാളുകൾ ഇരകളാണ്. വിവിധ പോലീസ് സ്‌റ്റേഷനുകളിൽ നിരവധി പരാതികൾ നിലനിൽക്കുന്നുണ്ട്.
പോലീസ് അന്വേഷണത്തിൻ്റെ ഭാഗമായി പട്ടാമ്പി സിവിൽ സ്‌റ്റേഷൻ റോഡിൽ പ്രവർത്തിച്ചിരുന്ന കാരാട്ട് കുറിസിന്റെ ശാഖയിൽ പരിശോധന നടത്തി. പട്ടാമ്പി എസ്.ഐ മണികണ്ഠന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവമറിഞ്ഞ് ഇടപാടുകാരും സ്ഥലത്ത് എത്തിയിരുന്നു. പട്ടാമ്പി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്നുളള നിരവധി ആളുകളുടെ പണം നഷ്ടപ്പെട്ടതായുളള പരാതി നിലനിൽക്കുന്നുണ്ട്. ഉടമകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് ഇടപാടുകാരുടെ ആവശ്യം.


