തൃത്താല: തൃത്താല ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ മത്സരിച്ച എൻഡിഎ (ബിജെപി) സ്ഥാനാർഥി ഉണ്ണികൃഷ്ണന് ലഭിച്ചത് വെറും 18 വോട്ടുകൾ. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രേരിപ്പിച്ച പാർട്ടി തന്നെ തെരഞ്ഞെടുപ്പ് ദിവസം പരിഗണിച്ചില്ലെന്ന പരാതിയുമായി ഉണ്ണികൃഷ്ണൻ നവമാധ്യമങ്ങളിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
തെരഞ്ഞെടുപ്പ് ദിനത്തിൽ പാർട്ടി നേതൃത്വം ആവശ്യമായ പിന്തുണ നൽകാത്തതിനെതിരെയാണ് “എന്നെ സ്ഥാനാർത്ഥിയാക്കി എല്ലാവരും മുങ്ങി” എന്ന കുറിപ്പോടുകൂടി ഫോട്ടോ സഹിതം സ്ഥാനാർഥി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സംഭവം വലിയ ചർച്ചയായതോടെ, സ്ഥാനാർഥിക്ക് ആവശ്യമായ പരിഗണന നൽകിയിരുന്നുവെന്ന വിശദീകരണവുമായി പാർട്ടിയും രംഗത്തെത്തിയിരുന്നു.
വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 14-ാം വാർഡിലെ എൻഡിഎ സ്ഥാനാർഥിക്ക് ലഭിച്ച 18 വോട്ടുകൾ വലിയ കൗതുകമായി. അതേസമയം, ഇതേ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായ അബ്ദുൽ അനീസ് 533 വോട്ടുകൾ നേടി 434 വോട്ടുകൾ നേടിയ സിപിഎം സ്ഥാനാർഥി ശിഹാബുദ്ദീനിനെ പരാജയപ്പെടുത്തി വിജയിച്ചു.


